
കൊല്ലം: അടൂരിൽ നിന്നും കാണാതായ വിദ്യാർത്ഥിനികളിൽ ഒരാളെ കൊല്ലം മരുതിമലയിൽ നിന്നും വീണ് മരിച്ചനിലയിൽ കണ്ടെത്തി. അടൂർ കടമ്പനാട് മേപ്പറത്ത് ഇടുപ്പര വീട്ടിൽ വിനുവിന്റെയും ദീപയുടെയും മകൾ മീനുവാണ് (13) മരിച്ചത്. മീനുവിനൊപ്പമുണ്ടായിരുന്ന മുണ്ടപ്പള്ളി പെരിങ്ങാന ശാലിനി ഭവനത്തിൽ സുകുവിന്റെ മകൾ ശിവർണ(14) ഗുരുതര പരിക്കുകളോടെ മിയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇരുവരും അടൂർ പെരിങ്ങനാട് തൃച്ചേന്ദമംഗലംഗവ.എച്ച്.എസ്.എസിൽ ഒരേക്ലാസിൽ പഠിക്കുന്നവരാണ്.
വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. അപകടകരമായ സ്ഥലത്തേക്ക് കുട്ടികൾ പോകുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പിന്നീട് ഇരുവരും താഴെ വീണുകിടക്കുന്നതാണ് കണ്ടത്. പെൺകുട്ടികൾ ഉയരത്തിൽനിന്ന് താഴേയ്ക്ക് ചാടിയതാകാം എന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടികളുടെ ബാഗിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടികൾ നേരത്തെയും ഈ പ്രദേശത്തേക്ക് വന്നിരുന്നതായി പൊലീസ് പറയുന്നു.











